ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണവും, ആറാട്ടുകളുമായി ബന്ധപ്പെട്ട വിവിധ പ്രാദേശിക കമ്മറ്റി പ്രതിനിധികളുടെ യോഗം തൃപ്രയാർ ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് തൃശ്ശൂർ ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ വിവിധ പ്രാദേശിക കമ്മറ്റി ഭാരവാഹികൾ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 3 മുതൽ 9 വരെേയുള്ള തൃപ്രയാർ തേവരുടെ ഗ്രാമ പ്രദക്ഷിണവും, അതോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലുള്ള ആറാട്ടുകളും, ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാനുള്ള ഏപ്രിൽ 9 നുള്ള യാത്രയും, പിറ്റേന്നുള്ള തിരിച്ച് തൃപ്രയാറിലേക്കുള്ള മടക്കയാത്രയും, ഏപ്രിൽ 10 ലെ ഉത്രംവിളക്കും ഏറ്റവും ഗംഭീരമായും, മനോഹരമായും ആഘോഷിക്കുന്നതിന് തീരുമാനിച്ചു.
ഭഗവാൻ്റ യാത്രാ വഴിയിലെ റോഡുപണികളുമായി ബന്ധപ്പെട്ട് നാട്ടിക സെൻ്റർ, വലപ്പാട്, തൃശ്ശൂർ – തൃപ്രയാർ റോഡിലെ ചിറക്കൽ എന്നിവിടങ്ങളിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. ആറാട്ടുകുളങ്ങൾ വൃത്തിയാക്കുന്നതിനും തീരുമാനിച്ചു.
മന്ദാര കടവിലെ ആറാട്ട് നടക്കുന്ന കടവിലെ ചെളി മാറ്റുന്നതിനും, തൃപ്രയാർ കിഴക്കേ നട കടവിലെ ചെളി നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഇടപെടലിന് കത്ത് നൽകുന്നതിനും തീരുമാനിച്ചു. ഈ യോഗത്തിൽ ചർച്ച ചെയ്ത ബുദ്ധിമുട്ടുകൾ മാർച്ച് പകുതിക്ക് ശേഷം ചേരുന്ന വിപുലമായ യോഗത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുന്നതിന് തീരുമാനിച്ചു.
യോഗത്തിൽ തൃശ്ശൂർ ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ K.ബിജുകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പാറേക്കാട്ട്, ദേവസ്വം മാനേജർ മനോജ്.കെ. നായർ, ദേവസ്വം അസിസ്റ്റൻ്റ് അഖിൽ നന്ദകുമാർ, ഉപദേശക സമിതി അംഗം V.R പ്രകാശൻ വിവിധ കമ്മറ്റി ഭാരവാഹികൾ, എന്നിവർ പ്രസംഗിച്ചു.
