പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ദുഃഖവെള്ളിയാഴ്ച്ച രാവിലെ 6.30ന് നടന്ന തിരുകർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വവും, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികത്വവും വഹിച്ചു.
വൈകീട്ട് 4.30ന് തൃശ്ശൂർ അതിരൂപതാ ഫിനാൻസ് ഓഫീസർ വെരി. റവ. ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത് പീഢാനുഭവസന്ദേശം നൽകി, തുടർന്ന് 5.00 മണിക്ക് നടന്ന പരിഹാര പ്രദക്ഷിണത്തിൽ കൈക്കുരിശുകളേന്തി ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു.
പരിഹാരപ്രദക്ഷിണം കടന്നുപോയ വീഥികൾ വിവിധ സംഘടനകളുടെയും കുടുംബകൂട്ടായ്മകളുടെയും നേതൃത്വത്തിൽ പിണ്ടി കുത്തിയും, തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും, പീഢാനുഭവരംഗങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഒരുക്കിയും മനോഹരമാക്കിയിരുന്നു.
പരിഹാര പ്രദക്ഷിണത്തിന്റെ സമാപനത്തിൽ പഴുവിൽ ഇടവക മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ദൈവാലയാങ്കണത്തിൽ യേശുവിന്റെ പീഢാനുഭവരംഗങ്ങളുടെ ദൃശ്യാവിഷ്കാരം ഒരുക്കിയിരുന്നു.
