വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ തകർന്ന റോഡുകളും കുടിവെള്ള ക്ഷാമവും കടൽക്ഷോഭവും വെള്ളക്കെട്ടും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനകീയ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന പഞ്ചായത്തിന്റെ ഈ അനാസ്ഥക്കെതിരെ എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകൾ ഭൂരിഭാഗവും സഞ്ചാര യോഗ്യമല്ലാതെ കിടന്നിട്ടും നിരന്തരം ഈ വിഷയത്തിൽ പഞ്ചായത്തിനോട് പരിഹാരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണ സമിതി ഇപ്പോഴും മൗനത്തിലാണ്. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കുടിവെള്ളം കിട്ടാകനിയായി തുടരുകയാണ്. കുടി വെള്ളമെത്തിക്കാൻ കഴിയാത്ത ഇടങ്ങളിൽ പഞ്ചായത്ത് വാഹനസൗകര്യം ഏർപ്പെടുത്തി വെള്ളം എത്തിക്കേണ്ടതാണെങ്കിലും ഈ പ്രവർത്തനവും താളം തെറ്റി കിടക്കുകയാണ്.
കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി നടപ്പിൽ വരുത്തേണ്ട ഫേസ് ടു പദ്ധതി നിർജ്ജീവ അവസ്ഥയിലാണ്. വാടാനപ്പള്ളി ബീച്ച് നവീകരണ പദ്ധതികൾ എല്ലാം തന്നെ വർഷങ്ങളായി പ്രഖ്യാപനങ്ങളിൽ മാത്രമായി ചുരുങ്ങിയതിനാൽ ഓരോ കടേലറ്റ സമയത്തും കടലോര വാസികൾ ജീവൻ പണയം വെച്ച് കഴിയുകയാണ്. ബൈപാസിൻ്റെ ഇരു വശങ്ങളിലും ഉള്ള വെള്ളക്കെട്ട് ജനങ്ങളുടെ സുരക്ഷയും യാത്രാ സൗകര്യവും അപകടത്തിലായിട്ടും കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും കേന്ദ്ര സർക്കാർ കേരള സർക്കാരിനെയും ചൂണ്ടിക്കാണിച്ച് പ്രദേശ വാസികളെ വിഡ്ഢികളാക്കുകയാണ്.
ഫാറൂഖ് നഗറിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം പാവറട്ടി ഗ്രാമ പഞ്ചായത്ത് അംഗം ഹബീബ് പാവറട്ടി ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നൗഫൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ വൈസ് പ്രസിഡണ്ട് ആഷിഫ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഷഫീർ നന്ദിയും പറഞ്ഞു. ബ്രാഞ്ച് ഭാരവാഹികളായ ഷറഫുദ്ധീൻ, ഷാഫി അഞ്ചങ്ങാടി, ഷാക്കിർ, സനോബർ, നിഷാം, അൻവർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.ഈ വിഷയങ്ങളിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
