അരിമ്പൂർ: തൃശ്ശൂർ – വാടാനപ്പള്ളി സംസ്ഥാനപാതയിൽ ചേറ്റുപുഴ പാടത്ത് സ്വകാര്യബസിന്റെ അടിയിൽ കുടുങ്ങിയ ബൈക്കിൽ യാത്ര ചെയ്തിരുന്നയാൾ മരിച്ചു. വെളുത്തൂർ ചിത്ര ക്ലബ്ബിന് സമീപം താമസിക്കുന്ന കളത്തി പറമ്പിൽ ജോയ് (67) യാണ് മരിച്ചത്. നിർമ്മാണ തൊഴിലാളിയാണ്.
ഞായറാഴ്ച ഏഴുമണിയോടെയാണ് സംഭവം. സമീപവാസിയായ വടക്കൂട്ട് ഹരി ചേറ്റുപുഴയിൽ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് സാധനങ്ങൾ മാറ്റുന്നതിനായാണ് ജോയ് ഹരിയോടൊപ്പം പോയത്. കാഞ്ഞാണി റൂട്ടിൽ ഓടുന്ന എടക്കളത്തൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ അതേ ബസ്സിൽ തട്ടി ബൈക്ക് തെന്നി വീണതായാണ് പറയുന്നത്.
ബൈക്കോടിച്ചിരുന്ന ഹരിക്കും പരിക്കുണ്ട്. ഹരി മദർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അന്തിക്കാട്, തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനുകളിൽ നിന്നും പോലീസ് എത്തിയാണ് ഗതാഗതം പുന സ്ഥാപിച്ചത്. ഭാര്യ: മേഴ്സി. മക്കൾ: ജോയ്സി, നാൻസി, ജിൻ്റോ.
