ആളൂർ : വീടിനുള്ളിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്.
2026 ജൂലൈ 7-ന് വൈകുന്നേരം 5.30-ഓടെയാണ് സംഭവം. പഞ്ഞപ്പിള്ളിയിലുള്ള പ്രതിയുടെ വീട്ടിലെ മുറിയിൽ, നിയമാനുസൃതമായ രേഖകളില്ലാതെ അമിത ലാഭത്തിനായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈകുന്നേരം 5.45-ഓടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹരിക്കുട്ടൻ കെ വി, എസ് ഐ മാരായ ശ്രീനിവാസൻ, ജെയ്സൺ, ജി എ എസ് ഐ മിനിമോൾ, ജി എസ് സി പി ഒ മാരായ സനില, ലിജോ ആന്റണി, ഷാൻമോൻ, രാഗേഷ്, സി പി ഒ മാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
