ഇരിങ്ങാലക്കുട – കാട്ടൂർ റോഡിലുള്ള ബിവറേജിന് സമീപം തട്ടുകട നടത്തുന്ന ആളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ എടതിരിഞ്ഞി പോത്താനി സ്വദേശി കോച്ചുവീട്ടിൽ നിഷാദ് (37) പോലീസിൻ്റെ പിടിയിലായി.
എടതിരിഞ്ഞി സ്വദേശിയായ അണക്കത്തിപറമ്പിൽ സിജേഷ് (46) ഇരിങ്ങാലക്കുട ബിവറേജിന് സമീപം തട്ടുകട നടത്തിയിരുന്നു. എടതിരിഞ്ഞിയിൽ ഇറച്ചി കച്ചവടം നടത്തുന്ന നിഷാദിൽ നിന്ന് ഇറച്ചി വാങ്ങിയ വകയിൽ കുറച്ചു തുക സിജേഷ് കൊടുക്കാനുണ്ടായിരുന്നു. ഈ തുക ചോദിച്ച് ഫെബ്രുവരി 27ന് രാത്രി 9 മണിയോടെ നിഷാദ് തട്ടുകടയിൽ എത്തുകയും, സിജേഷുമായി തർക്കത്തിലാവുകയും, നിഷാദ് കത്തി എടുത്ത് സിജേഷിൻ്റെ വയറ്റിൽ കുത്തി മാരകമായ പരിക്കേൽപ്പിക്കുകയുമാണ് ഉണ്ടായത്.
ഈ സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ സിജേഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ നിഷാദിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് എടതിരിഞ്ഞിയിൽ നിന്ന് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
നിഷാദിൻ്റെ പേരിൽ 2023ൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ ശ്രീധരൻ, എ എസ് ഐ കെ വി ഉമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം ആർ രഞ്ജിത്ത്, കൃഷ്ണദാസ്, രജീഷ്, ശരത്ത്, ഫ്രെഡി റോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
