ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ന് 245 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും, വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. വിവാഹങ്ങളുടെ എണ്ണം ഉയർന്നതും ഭക്തജനങ്ങളുടെ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതും കാരണം ദർശനം സുഗമമാക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ.
ഭക്തർക്കുള്ള സൗകര്യം മുൻനിർത്തി ആ ദിവസം പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം അനുവദിക്കില്ല. ദർശനത്തിനും വിവാഹ ചടങ്ങുകൾക്കുമായി എത്തുന്നവർക്ക് കരുതലും സഹായവും ഉറപ്പാക്കാൻ ദേവസ്വം ജീവനക്കാരും സുരക്ഷാ വിഭാഗവും പോലീസും സജ്ജം.
